തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സംഘർഷം. മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പിൽ എംപിയും നയിച്ച മാർച്ചിനുനേരെ ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആവശ്യത്തിന് പൊലിസ് സന്നാഹം ഇല്ലാതിരുന്നതാണ് സ്ഥിതിഗതികൾ സങ്കീർണമാക്കിയതെന്നും പ്രവർത്തകർ ആരോപിച്ചു.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തുന്ന തീപ്പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ ആരോപണം
വൈദ്യുതി മുടങ്ങിയ സമയത്ത് ഹോസ്റ്റലിനുള്ളിൽനിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. മാർച്ച് കടന്നുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറയുകയും ഹോസ്റ്റലിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയും ചെയ്തെന്നാണ് വിദ്യാർഥികളുടെ ആരോപണം. പിന്നീട് ഹോസ്റ്റൽ വളപ്പിൽ വീണ തീപ്പന്തങ്ങൾ വിദ്യാർഥികൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു.
തീയണക്കാൻ കൂടുതൽ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. വൈദ്യുതി പുനഃസ്ഥാപിച്ചശേഷം മാത്രമേ തീയണക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് വിദ്യാർഥികൾ. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.